മുള്ളരിങ്ങാട്: പൊതുപ്രവര്‍ത്തനരംഗത്ത് സാമൂഹിക പ്രതിബദ്ധതയുടെ ആള്‍രൂപമായി മാറിയ പഞ്ചായത്തംഗം ജിജോ ജോസഫിന് തിരക്കൊഴിഞ്ഞിട്ട് നേരമില്ല. അങ്കണവാടി, കമ്യൂണിറ്റി സെന്റര്‍ എന്നിവയുടെ ശുചീകരണംമുതല് മഴക്കാല മുന്നൊരുക്കം, റോഡുകളുടെ ശുചീകരണം തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മെംബറുടെ കൈയൊപ്പുണ്ട്. ഹരിത കര്‍മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും അവര്‍ക്കു ദിശാബോധം നല്‍കാനും മെംബര്‍ സദാസന്നദ്ധനാണ്.
വന്യജീവി ശല്യം ഏറെ രൂക്ഷമായ മുള്ളരിങ്ങാട് മേഖലയില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനായി അവരോടൊപ്പം മുന്‍പന്തിയില്‍നിന്നു പ്രവര്‍ത്തിക്കാനും ഇദ്ദേഹം സമയം കണ്ടെത്തുന്നു. കാട്ടാന ആക്രമണം പതിവായപ്പോള്‍ യുവാക്കള്‍ക്കൊപ്പം ചേര്‍ന്നു ജാഗ്രതാസമിതി രൂപീകരിച്ച് രാത്രി കാലങ്ങളില്‍ ഇവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി നിന്നത് ജിജോ ജോസഫായിരുന്നു.
രണ്ടാംപ്രാവശ്യമാണ് മുള്ളരിങ്ങാട് വാര്‍ഡിനെ ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്. പഞ്ചായത്തിന്റെ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കുന്നിലും ഇദ്ദേഹം ഏറെ ശ്രദ്ധാലുവാണ്. മെംബറെന്ന പദവി മാറ്റിവച്ച് വാര്‍ഡിലെ ഏതു ജോലിയും ചെയ്യാനും താഴേക്കിറങ്ങിവരാന്‍ ഇദ്ദേഹത്തിന് തെല്ലും മടിയില്ല. ഈ ലാളിത്യവും വിനയാന്വിതമായ പെരുമാറ്റവും സേവന സന്നദ്ധതയുമാണ് ജിജോയെ വ്യത്യസ്തനാക്കുന്നത്.